തിരുവനന്തപുരം: സംസ്ഥാനത്തെ സാമൂഹ്യക്ഷേമ പെൻഷൻ വിതരണ രീതിയിൽ നിർണായക മാറ്റം വരുത്തി സർക്കാർ. ഇനി മുതൽ സാമൂഹ്യക്ഷേമ പെൻഷൻ സഹകരണ ബാങ്കുകൾ വഴി വിതരണം ചെയ്യില്ല. പകരം, ഗുണഭോക്താക്കളുടെ ദേശസാൽകൃത ബാങ്ക് അക്കൗണ്ടുകളിലൂടെ മാത്രമായിരിക്കും പെൻഷൻ വിതരണം നടത്തുക.
സഹകരണ ബാങ്കുകൾ വഴി പെൻഷൻ വിതരണം ചെയ്യുന്നതിന് സർക്കാർ വഹിക്കേണ്ടിവരുന്ന ചെലവ് കൂടുതലാണെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ തീരുമാനം. അതേസമയം, കിടപ്പുരോഗികളും മറ്റ് പ്രത്യേക സാഹചര്യങ്ങളാൽ ബാങ്ക് അക്കൗണ്ടിലൂടെ തുക സ്വീകരിക്കാൻ കഴിയാത്ത ഗുണഭോക്താക്കളും ഉൾപ്പെടെയുള്ള ഒഴിവാക്കാനാകാത്ത വിഭാഗങ്ങൾക്ക് മാത്രമായിരിക്കും നേരിട്ടുള്ള പെൻഷൻ വിതരണം തുടരുക.
സഹകരണ സംഘങ്ങൾ പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട തിരിച്ചടവ് വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താത്തതും സർക്കാർ ഉത്തരവിൽ പരാമർശിക്കുന്നുണ്ട്. കൂടാതെ, സഹകരണ സംഘങ്ങൾക്ക് ഇൻസെന്റീവ് ഇനത്തിൽ സർക്കാർ വഹിക്കേണ്ടിവരുന്ന അധിക ചെലവും തീരുമാനത്തിന് കാരണമായതായി വ്യക്തമാക്കുന്നു.
കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന്റെ റിപ്പോർട്ടും ശുപാർശകളും പരിശോധിച്ച ശേഷമാണ് സർക്കാർ പുതിയ ഉത്തരവ് പുറത്തിറക്കിയത്. ഇതോടെ, ഇനി മുതൽ സാമൂഹ്യക്ഷേമ പെൻഷൻ വിതരണം ദേശീയവത്കരിച്ച ബാങ്കുകളിലെ അക്കൗണ്ടുകൾ വഴിയാകും.
കഴിഞ്ഞ സർക്കാർ കാലഘട്ടത്തിൽ സാമൂഹ്യക്ഷേമ പെൻഷൻ വിതരണം പ്രധാനമായും സഹകരണ സ്ഥാപനങ്ങൾ വഴിയായിരുന്നു. സഹകരണ സംഘങ്ങളിലെ കളക്ഷൻ ഏജന്റുമാർ ഗുണഭോക്താക്കൾക്ക് നേരിട്ട് പെൻഷൻ എത്തിച്ചുനൽകുന്ന സംവിധാനമാണ് ഇതുവരെ നിലവിലുണ്ടായിരുന്നത്. പുതിയ ഉത്തരവോടെ ആ രീതിക്കും വിരാമമാകുകയാണ്.
